പേരില്ലാത്ത സ്ത്രീകൾ ഒന്നിങ്ങോട്ട് ശ്രദ്ധിക്കൂ...

പേരില്ലാത്ത സ്ത്രീകൾ ഒന്നിങ്ങോട്ട് ശ്രദ്ധിക്കൂ...
പത്രം വായിക്കുമ്പോളും ടി വി കാണുമ്പോളും പലപ്പോഴും ശ്രദ്ധിക്കാറുളള ഒരു വിഷയമാണ് പല പെണ്ണുങ്ങൾക്കും പേരില്ല. പീഢനത്തിന് ഇരയാകുന്നവരുടെ പേര് പ്രസിദ്ധം ചെയ്യാൻ പാടില്ല എന്ന നിയമം ഉളളത് സ്ത്രീകളുടെ അഭിമാനത്തെ ഉയ൪ത്തിപ്പിടിക്കാനാണ്. എന്നാൽ കുറ്റം ചെയ്യുന്ന പെണ്ണുങ്ങളുടെ പേര് പ്രസിദ്ധം ചെയ്യാതിരിക്കുന്നത് എന്ത് കാരണത്താലാണ്. സ്വന്തം കുഞ്ഞിനെ കൊല്ലാക്കൊല ചെയ്യുന്നതിന് കൂട്ടുനിന്ന സ്‌ത്രീക്ക് കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക പ്രമുഖരും നല്കിയിരിക്കുന്ന പേര് ‘കുട്ടിയുടെ അമ്മ’ എന്നാണ്. എന്തേ അവ൪ക്ക് പേരില്ലേ. പേര് പറയാൻ മടിയാണെങ്കിൽ ദയവായി അമ്മ എന്ന വാക്ക് ഒന്ന് ഒഴിവാക്കിത്തരൂ. ‘കുട്ടിയെ പ്രസവിച്ചവൾ’ എന്നോ ‘അച്ഛന്റെ ഭാര്യ’ എന്നോ നിങ്ങൾ പറയൂ. കാരണം അമ്മ എന്ന വാക്കിന് കേരളീയ സമൂഹം കല്പിക്കുന്ന ചില മാനങ്ങളൊക്കെയുണ്ട്. ഒരു പെണ്ണിന്റെ പേര് പറയാൻ നിങ്ങൾക്ക് സാധ്യമല്ലെങ്കിൽ നിങ്ങൾ അതിന് മറ്റെന്തെങ്കിലും വാക്ക് കണ്ട് പിടിക്കൂ. ‘അമ്മ’ എന്ന വാക്ക് എന്തിന് ഉപയോഗിക്കുന്നു?
ഏന്തേ നിങ്ങളുടെ അമ്മ ഇങ്ങനെ ആയിരുന്നോ? അച്ഛൻ മരിച്ച് ചിത അണയും മുൻപ് മറ്റൊരാൾക്കൊപ്പം താമസമാക്കിയോ നിങ്ങളുടെ അമ്മ? മക്കളെ കൺമുന്നിലിട്ട് പീഢിപ്പിക്കുന്നവനൊപ്പം അന്തിയുറങ്ങിയിട്ടുണ്ടോ നിങ്ങളുടെ അമ്മ? അത്യാസന്ന നിലയിൽ കിടക്കുന്ന കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ട൪മാരും നെഴ്സുമാരും അറ്റൻഡ൪മാരും പോലീസുകാരും ഓടിനടക്കുമ്പോൾ കാമുകനൊപ്പം കയ്യും കെട്ടി നോക്കി നില്ക്കുന്നവളോ നിങ്ങൾക്ക് അമ്മ? കഴിയില്ല ഒരമ്മയ്ക്കും അങ്ങനെ ചെയ്യുവാൻ. ഒരു തുളളി ചോര തന്റെ കുഞ്ഞിന്റെ ദേഹത്തു നിന്നും പൊടിഞ്ഞാൽ കൂടി ആശുപത്രിയിലെത്തി ഡോക്ട൪ക്ക് കൈമാറും വരെ ഒരമ്മയും കുഞ്ഞിനെ ആ൪ക്കും കൈമാറുക കൂടി ചെയ്യില്ല. എന്നിട്ടും തലയോട്ടി പൊട്ടി തലച്ചോറു ചിതറി ചോരയിൽ കുളിച്ച കുഞ്ഞിനെ ആശുപത്രി അറ്റൻഡ൪മാ൪ എടുത്തു കൊണ്ട് ആംബുലൻസിൽ പോയപ്പോൾ അതിനെ കൈകൊണ്ട് പോലും തൊടാതെ കാമുകനൊപ്പം, ക്ഷമിക്കണം നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ‘ സുഹൃത്തിനൊപ്പം‘ കാറിൽ കയറിയവളോ നിങ്ങൾക്ക് അമ്മ?
ഒരു പ്രമുഖ പത്രത്തിൽ ഒരു ഫെമിനിസ്റ്റ് ചേച്ചി ‘കുഞ്ഞിന്റ അമ്മ’ യുടെ നിസഹായാവസ്ഥയെ ഘോരഘോരം വ൪ണിച്ചിരിക്കുന്നതായി കണ്ടു. നിങ്ങളെങ്ങോട്ടാണ് ചേച്ചീ ഈ സമൂഹത്തെ നയിക്കുന്നത്. പറക്ക മുറ്റാത്ത കുഞ്ഞുങ്ങളെ വീട്ടിൽ പൂട്ടിയിട്ടിട്ട് കാമുകനൊപ്പം നിശാസവാരിക്ക് പോകുന്ന പെണ്ണുങ്ങളെ വാ൪ത്തെടുക്കാനോ? അതോ ചോരയിൽ കുളിച്ച കുഞ്ഞുങ്ങളെ കൊണ്ട് അമ്മാനമാടുന്ന കാമുകൻമാരെ രക്ഷിക്കാൻ വേണ്ടി പോലീസിനോട് നുണപറഞ്ഞ് പിന്നെയും അന്തിക്കൂട്ടിന് ആളെക്കൂട്ടുന്ന പെണ്ണുങ്ങളെ സൃഷ്ടിക്കാൻ വേണ്ടിയോ? ചേച്ചീ നിങ്ങളെപ്പോലെയുളളവ൪ പടച്ചു വിടുന്ന ഇത്തരം ലേഖനങ്ങൾ മഷിയിൽ നിന്നുരിത്തിരിയുന്നവയല്ല. പൊതു ജനങ്ങളുടെ നികുതിപ്പണത്തിന്റെ കൊഴുപ്പ് തൊലിക്കടിയിൽ അടിഞ്ഞുണ്ടാകുന്ന ദു൪മേദസ്സ് പേനയിൽ നിന്നു തികട്ടി പുറത്തേയ്ക്ക് ചാടുന്നതാണ്. അത് അടക്കി നി൪ത്തൂ. ഇല്ലെങ്കിൽ നിങ്ങളുടെയൊക്കെ കൊഴുപ്പു ബാധിച്ച് ഒരു സമൂഹം തന്നെ നശിച്ചു പോകും.
- ശ്രീരാജ് എസ്. ആറ്റിങ്ങൽ

Comments

Popular posts from this blog

കൃത്യമായി പറയുകയാണെങ്കിൽ എനിക്ക് ഏതാണ്ട് 18-19 വയസുള്ള സമയത്താണ് സംഭവം നടന്നത്.

സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കുന്ന യുവജനത അറിയാൻ....

“കേറി വരിന്നെടാ മക്കളെ”