സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കുന്ന യുവജനത അറിയാൻ....

സർക്കാർ ജോലിയിൽ കണ്ണും നട്ടിരിക്കുന്ന യുവജനത അറിയാൻ....
സർക്കാർ ജോലിയും അതിന്റെ പകിട്ടും ഇപ്പോൾ വളരെയധികം വർദ്ധിച്ചുവരുന്നു. യുവാക്കളെല്ലാം ഒരു പണിയും ചെയ്യാൻ തയ്യാറാകാതെ കോച്ചിംഗ് സെന്ററുകളിൽ ഗുമസ്തപ്പണിക്കുള്ള തയ്യാറെടുപ്പിലാണ്. പണം കൊയ്യുന്ന ഇത്തരം സ്ഥാപനങ്ങളാകട്ടെ സർക്കാർ ജോലിയല്ലാതെ മറ്റൊന്നു കൊണ്ടും ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ യുവാക്കളുടെയിടയിൽ വിഷം തിരുകി പരമാവധി ലാഭം കൊയ്യുന്നു.
വിശ്വസിച്ചാലും ഇല്ലെങ്കിലും ചില കാര്യങ്ങൾ ഇവിടെ കുറിയ്ക്കാൻ ആഗ്രഹിക്കുന്നു.
സർക്കാർ ജോലി ഇന്നത്തെ ഇതേ പകിട്ടോടെ ഏറിപ്പോയാൽ ഒരു 10 കൊല്ലം കൂടി ഉണ്ടാകും. മനസിലായില്ല അല്ലേ. വിശദമാക്കിത്തരാം.
ഒരു പത്തിരുപത് വർഷം മുമ്പാണ് ഫോട്ടോഗ്രാഫി മേഖലയിലേക്ക് ഡിജിറ്റൽ ഫോട്ടോഗ്രാഫി കടന്നു വന്നത്. അന്നുവരെ നമ്മുടെ കയ്യിൽ സ്വന്തമായി ക്യാമറ ഉണ്ടെങ്കിലും ഫിലിം റോളുകൾ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോ നമ്മൾ സ്റ്റുഡിയോവിൽ കൊണ്ടുപോയി പ്രോസസ് ചെയ്യണമായിരുന്നു. അതായത് സ്റ്റുഡിയോയിൽ പോകാതെ നമുക്ക് ഫോട്ടോ എടുക്കാൻ സാധിക്കില്ല.
ഇന്നോ ? എല്ലാവരുടെടേയും കയ്യിൽ നല്ല ഒന്നാന്തരം മൊബൈൽ ക്യാമറ വന്നു. ഫോട്ടോ എടുത്താൽ അത് അപ്പോൾ തന്നെ സ്ക്രീനിൽ കാണാം. പ്രിന്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല.
ഈ മാറ്റം ഉൾക്കൊള്ളാതെ പോയ സ്റ്റുഡിയോ സ്ഥാപനങ്ങൾ പൂട്ടിപ്പോയി. അവരെ സംരക്ഷിക്കാൻ വേണ്ടി ആരും പഴയ രീതിയിലുള്ള ഫോട്ടോ എടുക്കാൻ വേണ്ടി അവരെ സമീപിച്ചില്ല. കാലത്തിന്റെ കുത്തൊഴുക്കിൽ അവർ അസ്തമിച്ചു. എന്നാൽ മറ്റു ചിലരാകട്ടെ ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ മനസിലാക്കി സ്വയം മാറി. അത്തരം സ്ഥാപനങ്ങൾ ഇന്നും പഴയ അന്തസോടെ പ്രവർത്തിക്കുന്നു. മാറ്റം ഉൾക്കൊള്ളാൻ തയ്യാറാകാത്ത സർക്കാർ ഓഫീസുകളും സർക്കാർ ജീവനക്കാരും ഇതേപോലെ അസ്തമിക്കാൻ ഇനി അധികകാലം വേണ്ട.
മനസിലായില്ല അല്ലേ... ഒരു ചെറിയ ഉദാഹരണത്തിലൂടെ മനസിലാക്കിത്തരാം. ഏറ്റവും എളുപ്പത്തിന് നമ്മുടെ സബ് രജിസ്ട്രാർ ഓഫീസുകളുടെ കാര്യമെടുക്കാം. ഇവിടെ നടക്കുന്ന പ്രധാന ഇടപാട് വസ്തു രജിസ്ട്രേഷൻ ആണല്ലോ. നിങ്ങളുടെ പേരിലുള്ള വസ്തു നിങ്ങൾ മറ്റൊരാൾക്ക് ഉടമ്പടി പ്രകാരം നൽകുന്നു.
ഏറിയാൽ ഒരു മൂന്നോ നാലോ വർഷത്തിനുള്ളിൽ എല്ലാവരുടെയും വസ്തുവകകളും അവയുടെ തണ്ടപ്പേർ,
സർവ്വേ നമ്പർ, ആധാരം ഇത്യാദികളെല്ലാം അവരവരുടെ ആധാർ നമ്പരുമായി ബന്ധിപ്പിക്കപ്പെടും.
പിന്നെ അവൻ അവതരിക്കുകയായി ഡിജിറ്റൽ ലോക്കർ.. എല്ലാ ചുവപ്പ് നാടകളുടെയും അന്തകൻ. താൽപ്പര്യമുള്ളവർക്ക് സ്വന്തം ആധാർ നമ്പറും ഒരു ഒരു പാസ് വേഡും ഉപയോഗിച്ച് ഡിജിറ്റൽ ലോക്കറിൽ ഒരു അക്കൗണ്ട് എടുക്കാം. ആധാർ അധിഷ്ടിതമായതിനാൽ ഒരാൾക്ക് ഒറ്റ അക്കൗണ്ട് മാത്രമേ കാണുകയുള്ളൂ. വ്യാജ പ്രൊഫൈലുകളോ അക്കൗണ്ടുകളോ ഉണ്ടാകില്ല. ഡിജിറ്റൽ ലോക്കറിൽ ലോഗിൻ ചെയ്യുന്ന ഒരാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ, ഇലക്ട്രിസിറ്റി കണക്ഷൻ, വാട്ടർ കണക്ഷൻ, റേഷൻ കാർഡ്, വസ്തുവിവരങ്ങൾ, എന്നു വേണ്ട എന്തിന് SSLC സർട്ടിഫിക്കറ്റ് മുതൽ അയാൾ നേടിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ വരെയുള്ള സർവ്വവിധ വിവരങ്ങളും അതിൽ ഉണ്ടാകും.
ഇനി നിങ്ങളുടെ വസ്തു മറ്റൊരാൾക്ക് കൈമാറണമെന്നിരിക്കട്ടെ, നിങ്ങൾ നിങ്ങളുടെ ഡിജിറ്റൽ ലോക്കറിൽ ലോഗിൻ ചെയ്ത് വസ്തുവിവരങ്ങളുമായി ബന്ധപ്പെടുത്തുന്ന കണ്ണിയിൽ അമർത്തുകയേ വേണ്ടൂ. നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ സർവ്വേ നമ്പർ സഹിതം തെളിഞ്ഞു വരികയായി. അടുത്തതായി കൈമാറ്റം ചെയ്യണ്ട വസ്തു ഏതാണോ ആ സർവ്വേ നമ്പറിൽ ക്ലിക്ക് ചെയ്ത് ഇടപാട് ഏതാണെന്ന് തിരഞ്ഞെടുക്കുക. വിലയാധാരം, ഇഷ്ടദാനം, ഭാഗപത്രം, ഒഴിമുറി തുടങ്ങിയ എല്ലാ ഓപ്ഷനുകളും അതിലുണ്ടാകും. അതിനു ശേഷം ആർക്കാണോ വസ്തു കൈമാറേണ്ടത് അയാളുടെ ആധാർ നമ്പർ നൽകുക.
ആധാരമൊക്കെ സോഫ്ട് വെയറിൽ സ്വയം തയ്യാക്കപ്പെടും. ശേഷം നിങ്ങൾക്ക് എന്തെങ്കിലും പ്രത്യേകം വ്യവസ്ഥ ഉൾപ്പെടുത്താനുണ്ടെങ്കിൽ അത് ടൈപ്പ് ചെയ്ത് ഉൾപ്പെടുത്താനും സൗകര്യമുണ്ടാകും.
ശേഷം, വിലയാധാരമാണെങ്കിൽ വസ്തു വില ഓൺലൈനായി ടി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നിങ്ങളുടെ അക്കൗണ്ടിലേക്ക് അയാൾ കൈമാറണം. ഇതിനായി അയാളും സ്വന്തം ഡിജിറ്റൽ ലോക്കറിൽ ലോഗിൻ ചെയ്യേണ്ടതാണ്. തുടർന്ന് ഒരു ഫിംഗർപ്രിന്റർ സ്കാനറിലൂടെ രണ്ടു പേരുടെയും വിരലടയാളം സ്കാൻ ചെയ്ത് സോഫ്ട് വെയർ തന്നെ അത് പരിശോധിച്ച് നിങ്ങൾ തന്നെയാണെന്ന് ഉറപ്പു വരുത്തി ഇടപാട് പൂർത്തിയാക്കുന്നു.
വസ്തു കൈമാറിയ വിവരങ്ങൾ, ആർക്കു കൈമാറി, എപ്പോൾ, എന്ന് കൈമാറി എന്നു മാത്രമല്ല നിങ്ങൾ തമ്മിൽ നടന്ന പണമിടപാട് വിവരം വരെ വളരെ സുരക്ഷിതമായി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കപ്പെടും. ആ ഇടപാടിന്റെ ഒരു പ്രിന്റ് എടുത്ത് വേണമെങ്കിൽ നിങ്ങൾക്ക് കൈവശം സൂക്ഷിക്കാം.
ഇനി വസ്തു പണയം വച്ച് ലോൺ എടുക്കാനാണെങ്കിൽ , ഡിജിറ്റൽ ലോക്കർ വഴി നിങ്ങൾക്ക് നേരിട്ട് ബാങ്കുമായി ഇടപാട് നടത്താവുന്നതാണ്. രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ഓലയോ ഇണ്ടാസോ ആവശ്യമില്ല. കാരണം അതിനേക്കാൾ ബാങ്കിന് വിശ്വാസയോഗ്യമായത് നിങ്ങളുടെ ഡിജിറ്റൽ ലോക്കറിലെ വിവരങ്ങളായിരിക്കും.
പിന്നെ രജിസ്ട്രാർ ഓഫീസിലുള്ളവർ വെറും പൂ...മാനമേ ഒരു രാഗമേഘം താ.... പാട്ടും പാടി നടക്കുന്നതു കാണാം.
ഫേസ്ബുക്കിലും വാട്സാപിലുമൊക്കെ സ്വന്തമായി അക്കൗണ്ടുള്ള വളർന്നു വരുന്ന തലമുറയ്ക്ക് ഡിജിറ്റൽ ലോക്കറിൽ അക്കൗണ്ട് തുടങ്ങാനും ഇടപാടുകൾ നടത്താനും ഒന്നും ആരുടെയും സഹായം വേണ്ടി വരില്ല.
പിന്നെ പിന്നെ പതിയെ പൊതു ജനത്തിന്റെ ജീവിതത്തിനു മേൽ വരിഞ്ഞു കെട്ടി വച്ചിരുന്ന ചുവപ്പുനാടകളു ടെ കാലം അവസാനിക്കും.
പല സർക്കാരാഫീസർമാരും ഊ...ഊഞ്ഞാലാ... ഊഞ്ഞാലാ...
ഇതിന് എന്താണ് ഒരു പരിഹാരം?
ഒരു പരിഹാരവുമില്ല.
പണ്ടത്തെ സ്റ്റുഡിയോക്കാരന്റെ കഥ പോലെ തന്നെ. ഫിലിം റോളുമായി ഫോട്ടോ എടുത്ത് പ്രോസസ് ചെയ്ത് sച്ച് അപ് നടത്തി ഗമയോടെ നടന്നിരുന്ന ആ സ്റ്റുഡിയോക്കാരനും ഇന്നത്തെ സർക്കാരുദ്യോഗസ്ഥനും തമ്മിൽ വലിയ അന്തരമൊന്നുമില്ല.
പുതിയ പുതിയ സങ്കേതങ്ങൾ വരുമ്പോൾ ലോകം അതിലേക്ക് വഴിമാറും.
പക്ഷേ, സർക്കാരുദ്യോഗസ്ഥാ, ഗമ തീരെ കുറയ്ക്കരുത് കേട്ടോ..
: by Sreeraj S Attingal 

Comments

Popular posts from this blog

കൃത്യമായി പറയുകയാണെങ്കിൽ എനിക്ക് ഏതാണ്ട് 18-19 വയസുള്ള സമയത്താണ് സംഭവം നടന്നത്.

“കേറി വരിന്നെടാ മക്കളെ”