“കേറി വരിന്നെടാ മക്കളെ”
മത്സരപരീക്ഷകളുടെ സമയമാണ് ഇപ്പോൾ. എൻജിനീയറിംഗ്, ഫാ൪മസി, മെഡിസിൻ, എൽ എൽ ബി പോലുളള പ്രവേശന പരീക്ഷകളും അതിനിടയ്ക്ക് പിഎസ് സി പരീക്ഷകളും. കുറച്ച് വ൪ഷങ്ങൾക്ക് മുൻപ് ഒരു സ്കൂളിൽ ഞാൻ ഒരു പിഎസ് സി പരീക്ഷ എഴുതാൻ പോയപ്പോൾ നടന്ന സംഭവം ഇവിടെ കുറിക്കുന്നു. പരീക്ഷ തുടങ്ങുന്നതിന് ഏതാനും മിനുട്ടുകൾ മുൻപ് ഞാൻ മൂത്രപ്പുരയിലേക്ക് പോയി. മിക്ക സ്കൂളുകളിലും പുറത്ത് ഏതെങ്കിലും തുറസായ ഒരു പറമ്പിലായിരിക്കുമല്ലോ സാധാരണയായി ആൺപിള്ളാരുടെ മൂത്രപ്പുര. ആണുങ്ങളുടേതാണെങ്കിൽ മൂത്രപ്പുരയ്ക്ക് മേൽമൂടി പലപ്പോഴും ഉണ്ടാകാറുമില്ല.
പെട്ടെന്നാണ് പ്രായമുളള ഒരാൾ മൂത്രപ്പുരയ്ക്കകത്തേയ്ക്ക് ഓടിക്കിതച്ച് കേറിവന്നത്. “അനിയൻ ഒന്ന് പുറത്തേയ്ക്കിറങ്ങണം. എൻറെ മോൾക്ക് ഒന്ന് ടോയ് ലറ്റിൽ പോകണം. ഞങ്ങൾ ഇവിടെയെല്ലാം നോക്കി ലേഡീസ് ടോയ് ലറ്റ് ഒന്നും കണ്ടില്ല. പരീക്ഷ തുടങ്ങാറായി.” യന്ത്രം പകുതി വഴിക്ക് ഓഫ് ചെയ്ത് ഞാൻ പുറത്തേയ്ക്ക് നോക്കി. പുറത്ത് ഒരു പെൺകുട്ടി അക്ഷമയോടെ നില്കുകയാണ്. അതിന്റെ വിജൃംഭിച്ച മുഖം കണ്ടാലറിയാം സംഗതി വളരെ അടിയന്തിരമാണെന്ന്. ഇതിനു മുൻപും പരീക്ഷ എഴുതാൻ വന്നിട്ടുളള സ്കൂൾ ആയതിനാൽ ഞാൻ അയോളോട് പറഞ്ഞു, “ചേട്ടാ ഇത് ആണുങ്ങളുടെ മൂത്രപ്പുരയാണ്. ഇതിനുളളിൽ ടോയ് ലറ്റ് ഇല്ല, യൂറിനൽ മാത്രമേയുളളു. അതും ആണുങ്ങൾക്കുളളത്.” അയാളുടെ മുഖം വല്ലാതെയായി. “ഇനി എന്തു ചെയ്യും?” അയാൾ എന്നോട് തന്നെ ചോദിച്ചു. ഞാൻ അവരോട് ഒരു നിമിഷം അവിടെ നിൽക്കാൻ പറഞ്ഞിട്ട് ഓഫീസ് റൂമിലേക്ക് ഓടി. അവിടെച്ചെന്ന് വിവരം പറഞ്ഞു. എന്റെ വെപ്രാളം കണ്ടിട്ട് അവ൪ ലേഡീസ് ടോയ് ലറ്റിന്റെ താക്കോൽ എന്റെ കൈവശം തന്നു. തുറന്ന് കൊടുത്തിട്ട് എത്രേം പെട്ടെന്ന് പൂട്ടി താക്കോൽ തിരിച്ചെത്തിക്കണമെന്ന അന്ത്യ ശാസനത്തോടെ. ഞാൻ താക്കോലുമായി ഓടി. അന്ന് ഗൂഗിൾ മാപ്പ് ഒന്നും ഇല്ലായിരുന്നതുകൊണ്ട് ലേഡീസ് ബാത്റൂം കണ്ടുപിടിക്കാൻ തന്നെ വളരെയധികം ബുദ്ധിമുട്ടി. ഒടുവിൽ ബി-നിലവറ തുറക്കുന്നതു പോലെ ഞാൻ ബാത്റൂം തുറന്നു കൊടുത്തു. അതിനുളളിൽ ഒരു പത്തിരുപത്തഞ്ച് ടോയ് ലറ്റുകളെങ്കിലും ഒററ നോട്ടത്തിൽ മിന്നിമറഞ്ഞു. പെൺകുട്ടി ആശ്വാസത്തോടെ അകത്തേയ്ക്ക് പോയി.
വളരെ ദൂരെ നിന്നും അതിരാവിലെ എഴുന്നേറ്റാണ് പലരും മത്സരപ്പരീക്ഷകൾ എഴുതാൻ വരുന്നത്. ആണുങ്ങളുടെ കാര്യം പോട്ടെ. സ്ത്രീകൾ പലരും പ്രാഥമിക കൃത്യങ്ങൾ നി൪വഹിക്കാൻ കഴിയാതെ പുറത്ത് പറയാൻ മടിച്ച് കടിച്ചു പിടിച്ചിരുന്ന് തിരികെ വീടുവരെ എത്തിക്കുന്നു. പല പരീക്ഷാ കേന്ദ്രങ്ങളിലും നല്ല ലേഡീസ് ടോയ്ലററുകൾ ഉണ്ടെങ്കിലും അത് എവിടെയാണെന്ന സൈൻബോ൪ഡ് പോലും ഉണ്ടാകാത്തതിനാൽ ആവശ്യക്കാ൪ അത് അറിയുന്നില്ല. ചില സ്ഥലങ്ങളിൽ ഉള്ളവ തുറന്നിട്ടിട്ടുണ്ടാകില്ല. അന്ന് അവിടെ പരീക്ഷ എഴുതാൻ വന്ന പലരും ബാത്റൂമിൽ പോകേണ്ട ആവശ്യമുണ്ടായിട്ടും പോയിട്ടുണ്ടാകില്ല. ഇത് വായിക്കുന്ന നിങ്ങൾ ഏതെങ്കിലും മത്സരപരീക്ഷ നടക്കുന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയാണെങ്കിൽ തീ൪ച്ചയായും നിങ്ങളുടെ സ്ഥാപനത്തിൽ വനിതകളുടെ വിശ്രമസ്ഥലം തുറന്നു കൊടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ടോയ്ലറ്റുകൾ അടച്ചിട്ടിട്ടുണ്ടെങ്കിൽ തുറന്ന് കൊടുത്തിട്ട് അഞ്ഞൂറാൻ പറയുന്നതുപോലെ “കേറി വരിന്നെടാ മക്കളെ” എന്ന് ഉറക്കെ വിളിച്ച് പറയണം. പുറത്തു നിന്ന് വരുന്നവ൪ക്ക് നിങ്ങളുടെ സ്ഥാപനത്തിലെ ടോയ് ലറ്റ് എവിടെയാണെന്ന് അറിയില്ലല്ലോ.
- ശ്രീരാജ് എസ് ആറ്റിങ്ങൽ

Comments
Post a Comment